സാമൂഹ്യസുരക്ഷ / ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്: 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാവരും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31-നകം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും നിർബന്ധമായും മസ്റ്ററിങ് നടത്തുക.
ചരിത്രം

അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്

നാൾവഴികളും ചരിത്രവും

🏛️

സാമൂഹ്യചരിത്രം

പഴയ കാലത്ത് കിഴക്ക് പന്തല്ലൂർ മല വരെയും, വടക്കും തെക്കും അതിരുകളിൽ ആനക്കയം-പുലാമന്തോൾ മല വരെയും, പടിഞ്ഞാറ് മലപ്പുറം പാങ്ങ് കുന്നുകൾ വരെയും വ്യാപിച്ചുകിടന്നിരുന്ന വള്ളുവനാടിന്റെ വാണിജ്യസിരാകേന്ദ്രവും, ആധ്യാത്മിക സാംസ്ക്കാരിക ആസ്ഥാനവുമായിരുന്നു അങ്ങാടിപ്പുറം. സംഘകാലത്ത് (എ.ഡി. 5-ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടം) പുലയർ, കുറുവർ, വില്ലവർ, പറയർ, പാണർ, വെള്ളാളർ തുടങ്ങിയവരായിരുന്നു കേരളത്തിലെ നിവാസികൾ. വള്ളുവജാതിയിൽപ്പെട്ടവരുടെ ആധിപത്യം മൂലമാണ് വള്ളുവനാട് എന്ന ദേശനാമം ഉണ്ടായത്. പഴയ വള്ളുവനാടിന്റെ ഹൃദയഭാഗമായ ഈ പ്രദേശത്തിനു ചരിത്രകഥകളേറെയുണ്ട്. അങ്ങാടിപ്പുറം എന്ന കൊച്ചുപട്ടണം വള്ളുവനാട് രാജസ്വരൂപത്തിന്റെ തലസ്ഥാനമായിരുന്നുവത്രെ. ഇന്നും പഴമക്കാർ “വെള്ളാട്ടങ്ങാടി” എന്നാണ് ഈ പ്രദേശത്തെ വിളിക്കുന്നത്.

⚔️ ചരിത്രമുറങ്ങുന്ന മാമാങ്കവും ചാവേർത്തറയും

ചരിത്രമുറങ്ങുന്ന തിരുമാന്ധാംകുന്ന് ക്ഷേത്രവും, ചാവേർത്തറയും, തളിയും, കോട്ടപ്പറമ്പും, അൽപാക്കുളവും, ചാവേർക്കാടും ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടു വർഷത്തിലൊരിക്കൽ തിരുനാവായ മണൽപ്പുറത്ത് നടത്തിയിരുന്ന ചരിത്രപ്രസിദ്ധമായ മാമാങ്കത്തിന്റെ അധീശത്വം “വള്ളുവക്കോനാതിരി”ക്കായിരുന്നു. മാമാങ്കത്തിന്റെ “നിലപാടുതറ”യിൽ ഉടവാളുമായി അധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്ന വള്ളുവക്കോനാതിരിയെ സാമൂതിരിയുടെ പടയാളികൾ ശിരച്ഛേദം ചെയ്തു വകവരുത്തി. സാമൂതിരിയുടെ വൻപടയ്ക്കെതിരെ യുദ്ധം ചെയ്തു വിജയിക്കുക അസാധ്യമെന്ന് അറിഞ്ഞിട്ടും, സ്വന്തം രാജ്യത്തിന്റെ അഭിമാനത്തിനു വേണ്ടി രക്തം ചിന്താനും ജീവൻ ത്യജിക്കാനും വള്ളുവനാട്ടിലെ ചാവേർ പടയാളികൾ സന്നദ്ധരായി. എട്ടുവീട്ടിലച്ചന്മാർ എന്ന നാട്ടുപ്രമാണിമാരിലൂടെയായിരുന്നു വള്ളുവക്കോനാതിരി ഭരണം നടത്തിയിരുന്നത്.

കൃഷിയും അനുബന്ധതൊഴിലുകളും ആയിരുന്നു സാധാരണക്കാരായ ഗ്രാമീണരുടെ ഉപജീവന മാർഗ്ഗം. പാട്ട വ്യവസ്ഥയിലായിരുന്നു കാർഷിക ഉൽപ്പാദനം നടന്നിരുന്നത്. 19-ാം നൂറ്റാണ്ടിൽ ഇരുമ്പുഖനനവും ഉൽപ്പാദനവും നടത്തുന്നതിനുള്ള നാടൻ സാങ്കേതികവിദ്യ ഈ പ്രദേശത്ത് നിലനിന്നിരുന്നു. 1826-ൽ ഇംഗ്ലണ്ടുകാരനായ ഹെൻട്രി ഹാമിൽട്ടൻ ബുക്കാനൻ ഈ പഞ്ചായത്തിൽ വച്ച് ഇരുമ്പയിര് അടങ്ങിയ ചെങ്കല്ല് കെട്ടിടനിർമ്മാണത്തിന് ഉപയോഗിക്കാമെന്ന് കണ്ടെത്തുകയും ആധുനിക സാങ്കേതിക വിദ്യയിലൂടെ ഇരുമ്പുൽപ്പാദനം ആരംഭിക്കുകയും ചെയ്തതോടെ നാടൻ സാങ്കേതികവിദ്യകൾ അപ്രസക്തമായി.

🇮🇳 സ്വാതന്ത്ര്യസമരവും വികസനവഴികളും

എം.പി. നാരായണമേനോൻ, എം.പി. കുഞ്ഞിക്കണ്ണൻമേനോൻ, എം.പി. ഗോവിന്ദമേനോൻ എന്നിവരും, പരേടത്ത് സഹോദരന്മാരുടെ നേതൃത്വത്തിൽ ധാരാളം യുവാക്കളും ഇവിടെ നിന്നും ദേശീയ സ്വാതന്ത്ര്യസമരരംഗത്ത് സജീവമായി പങ്കെടുത്തു. സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നിയന്ത്രണകേന്ദ്രം എന്ന സ്ഥാനം അങ്ങാടിപ്പുറത്തിനുണ്ടായിരുന്നു. 1957-ലെയും 1967-ലെയും ഭൂപരിഷ്കരണനിയമങ്ങൾ പ്രദേശത്തെ ഭൂവുടമാബന്ധങ്ങളിൽ വിപ്ലവകരമായ മാറ്റം വരുത്തി. അമ്പതുകളിലാണ് പഞ്ചായത്തിന്റെ മലയോര പ്രദേശങ്ങളിൽ തെക്കൻകേരളത്തിൽ നിന്നുള്ള കുടിയേറ്റകർഷകർ എത്തിച്ചേർന്നത്. അങ്ങാടിപ്പുറത്തെ പൗരപ്രമുഖനായിരുന്ന കെ. ശേഷുഅയ്യരുടെയും, ഗിൽബർട്ട് ഗോൺസാൽവസ് എന്ന ക്രിസ്ത്യൻ പുരോഹിതന്റെയും നേതൃത്വത്തിൽ ആയിരത്തിലധികം ആളുകൾ ശ്രമദാനം നടത്തിയാണ് അങ്ങാടിപ്പുറം-പരിയാപുരം റോഡിന്റെ പണി പൂർത്തിയാക്കിയത്. പഞ്ചായത്തിലെ ആദ്യ വിദ്യാഭ്യാസസ്ഥാപനം 100 വർഷത്തിലേറെ പഴക്കമുള്ള കോട്ടപ്പറമ്പ് സ്കൂൾ ആണ്.

🌾

കാർഷിക ചരിത്രം

കൃഷിയും അനുബന്ധതൊഴിലുകളും ആയിരുന്നു സാധാരണക്കാരായ ഗ്രാമീണരുടെ പ്രധാന ഉപജീവന മാർഗ്ഗം. പാട്ട വ്യവസ്ഥയിലായിരുന്നു കാർഷിക ഉൽപ്പാദനം നടന്നിരുന്നത്. പ്രദേശത്തെ കാർഷികവിളക്രമം തീരുമാനിക്കപ്പെട്ടിരുന്നത് പ്രധാനമായും കാലാവസ്ഥയെ അടിസ്ഥാനമാക്കിയാണ്. പഞ്ചായത്തിൽ മുൻകാലങ്ങളിൽ പ്രാമുഖ്യം കൂടുതലുണ്ടായിരുന്നത് നെൽകൃഷിക്കായിരുന്നു. കാണച്ചാർത്തുകളിൽ മാത്രമേ ദീർഘകാലവിളകൾ ഉണ്ടായിരുന്നുള്ളൂ.

🌱 പരമ്പരാഗത പ്രധാന നെൽവിത്തിനകൾ:

കാരി അരിവാകാരി ചെങ്കയ്മ മുണ്ടകൻ തെക്കൻചീര ചെറുകയ്മ ആറ്റകയ്മ തവളക്കണ്ണൻ വൃശ്ചികപാണ്ടി

കൃഷി ജീവിതത്തിന്റെ ഭാഗമായിരുന്ന അക്കാലത്ത് വിനോദോപാധികളും കാർഷികവൃത്തിയുമായി ബന്ധപ്പെട്ടതായിരുന്നു. കാളപൂട്ട്, പോത്തുപൂട്ട് എന്നിവ പ്രധാന കാർഷിക വിനോദ മത്സരങ്ങളായിരുന്നു. കാർഷിക വിപണനമേളകൾ കൂടിയായിരുന്നു ഉത്സവകാലങ്ങൾ. ഉത്സവപ്പറമ്പുകൾ കാർഷികോൽപ്പന്നങ്ങളുടെയും കാർഷികോപകരണങ്ങളുടെയും പ്രധാന വിൽപനകേന്ദ്രങ്ങളായിരുന്നു. കരഭൂമി പ്രദേശങ്ങളിൽ തെങ്ങ്, കവുങ്ങ്, റബ്ബർ, കശുമാവ് എന്നിവയും വാണിജ്യാടിസ്ഥാനത്തിൽ മറ്റ് ഇടവിളകളും കൃഷി ചെയ്തിരുന്നു.

🎨

സാംസ്കാരികചരിത്രം

ഐതിഹ്യപ്രസിദ്ധമായ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ 11 ദിവസം നീണ്ടുനിൽക്കുന്ന “അങ്ങാടിപ്പുറം പൂരം” വള്ളുവനാടിന്റെ ദേശീയോത്സവമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഭക്തമഹാകവി പൂന്താനം പ്രതിഷ്ഠ നടത്തിയ ഇടത്തുപുറം ശ്രീകൃഷ്ണക്ഷേത്രം ധാരാളം ഭക്തജനങ്ങളുടെ തീർത്ഥാടനകേന്ദ്രമാണ്. പുത്തനങ്ങാടിയിലെ മുസ്ലീം ദേവാലയവും സവിശേഷതകൾ കൊണ്ട് ശ്രദ്ധേയമാണ്. ജ്ഞാനപ്പാന രചിച്ച പൂന്താനത്തിന്റെ സാഹിത്യസൃഷ്ടികളുടെ ഈറ്റില്ലമായിരുന്നു അങ്ങാടിപ്പുറം ഗ്രാമം. ചരിത്രാംശമുള്ള ചാവേറുപാട്ടിന്റെയും ക്ഷേത്രകലകളുടെയും നാടായ ഈ പ്രദേശം വള്ളുവനാടിന്റെ കലാസാംസ്ക്കാരിക സിരാകേന്ദ്രം കൂടിയായിരുന്നു.

🌟 കലാരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ

  • നന്തനാർ: “ഉണ്ണിക്കുട്ടന്റെ ലോകം” ഉൾപ്പെടെ നിരവധി നോവലുകൾ രചിച്ച പ്രശസ്ത സാഹിത്യകാരൻ.
  • ഞെരളത്ത് രാമപൊതുവാൾ: നാലമ്പലങ്ങളിൽ ഒതുങ്ങിനിന്നിരുന്ന സോപാനസംഗീതത്തെ ജനമധ്യത്തിലെത്തിച്ച ലോകപ്രശസ്ത സോപാനസംഗീത കുലപതി.
  • കോച്ചാട്ടിൽ ബാലകൃഷ്ണമേനോൻ: നീലക്കുയിൽ സിനിമയിൽ “കായലരികത്ത് വലയെറിഞ്ഞപ്പോൾ...” എന്ന ഗാനരംഗത്തിലൂടെ ശ്രദ്ധേയനായ നടൻ.
  • കൂട്ടിൽ കുഞ്ഞൻ മേനോൻ: കഥകളിയിൽ തനതുശൈലി രൂപപ്പെടുത്തിയ കലാകാരൻ.
  • കലാമണ്ഡലം നാരായണൻ നമ്പീശൻ: പ്രശസ്ത കഥകളി വാദ്യവാദന വിദഗ്ദ്ധൻ.
  • സദനം വാസുദേവൻ & കൃഷ്ണദാസ്-ഹരിദാസ് സഹോദരന്മാർ: കഥകളിക്കൊട്ട്, തായമ്പക എന്നിവയിൽ ലോകശ്രദ്ധ നേടിയവർ.

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പൂരമഹോത്സവം, പുത്തനങ്ങാടി നേർച്ച, വലമ്പൂർ, പരിയാപുരം പള്ളികളിലെ പള്ളിപ്പെരുന്നാൾ തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ആഘോഷങ്ങൾ. കോൽക്കളി, ചെറുമക്കളി, പൂതംകളി തുടങ്ങിയ പരമ്പരാഗത നാടൻകലകൾ ഇന്നും ഇവിടെ സജീവമായി നിലനിൽക്കുന്നു.

📚 ഗ്രന്ഥശാലാ പ്രസ്ഥാനം

സംഘടിക്കലും സംഘടിപ്പിക്കലും കൊണ്ട് ഗ്രന്ഥശാലാപ്രസ്ഥാനം തിളങ്ങി നിന്ന കാലഘട്ടത്തിലാണ് അങ്ങാടിപ്പുറം പഞ്ചായത്തിലും വായനശാലകൾ രൂപംകൊള്ളുന്നത്:

  • അങ്ങാടിപ്പുറം ദേശസേവിനി വായനശാല (1953-54): പ്രശസ്ത സാഹിത്യകാരൻ എസ്.കെ. പൊറ്റക്കാടാണ് ഇത് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്തിലെ സാംസ്കാരിക പ്രവർത്തനങ്ങളുടെ നട്ടെല്ലായി ഇന്നും പ്രവർത്തിക്കുന്നു.
  • തിരൂർക്കാട് വിജയൻ സ്മാരക വായനശാല (1959-60): അക്കാലത്ത് സജീവമായിരുന്ന തിരൂർക്കാട് മഹിളാസമാജം പ്രവർത്തകരുടെ പ്രയത്നഫലമായി സ്ഥാപിക്കപ്പെട്ടു.
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഡിജിറ്റൽ ആർക്കൈവ്സ് | ചരിത്രരേഖകൾ